ഡി.ഡി പറഞ്ഞ ടി.വിക്കഥ
  • വിജയൻ തിരൂർ
  • 12:22 PM
  • 11/11/2017

1959ലാണ്​ ദൂരദർശൻ ചാനൽ പ്രവർത്തനം ആരംഭിക്കുന്നത്​. കൃത്യമായിപ്പറഞ്ഞാൽ സെപ്​റ്റംബർ 15ന്. ഇന്ത്യൻ വാർത്താവിനിമയ രംഗത്ത്​ 
അതൊരു കുതിച്ചുചാട്ടം തന്നെയായിരുന്നു...ബ്ലാക്​ ആൻഡ്​ വൈറ്റ്​ ആയി തുടങ്ങിയ സംപ്രേഷണം കളറിലേക്ക്​ മാറിത്തുടങ്ങുന്നത്​ 1982ലാണ്​. 
ഇപ്പോഴിതാ ഡി.ഡി  ലോഗോ മാറ്റംവരുത്തി പ​ുതിയ രൂപത്തിൽ ഇറങ്ങാൻ ഒരുങ്ങുന്നു...

ഇന്ന്​ ടെലിവിഷൻ ഇല്ലാത്ത ലോകത്തെക്കുറിച്ച് നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുന്നുണ്ടോ? വാർത്തയും സീരിയലും ക്രിക്കറ്റ് കളിയും ഫുട്​ബാളും ഒന്നും ആസ്വദിക്കാനാകാത്ത നമ്മുടെ ദിവസങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ചിന്തിക്കാനേ കഴിയാത്ത തരത്തിലാണ് ടെലിവിഷൻ ഇന്ന് നമ്മുടെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ, അതൊന്നുമില്ലാത്ത കാലവും ഉണ്ടായിരുന്നു. ടെലിവിഷൻ നമ്മുടെ രാജ്യത്തെത്തിയിട്ട് അധികകാലമൊന്നുമായിട്ടില്ലെന്നാണ് നാം മനസ്സിലാക്കേണ്ടത്. 

ഇന്ത്യയിലെ ടെലിവിഷ​െൻറ പിറവി
യു​െനസ്കോയുടെ സഹായമായി ലഭിച്ച 20,000 ഡോളറും സൗജന്യമായി ലഭിച്ച 180 ഫിലിപ്സ് ടെലിവിഷൻ സെറ്റുകളും ഉപയോഗിച്ച് 1959 സെപ്​റ്റംബർ 15നാണ് ദൂരദർശ​െൻറ ആദ്യ സംപ്രേഷണം ആരംഭിച്ചത്. ഫിലിപ്സ് ഇന്ത്യ കമ്പനി നിർമിച്ചുനൽകിയ ട്രാൻസ്മിറ്ററായിരുന്നു സംപ്രേഷണത്തിന് ഉപയോഗിച്ചിരുന്നത്. ആകാശവാണിയുടെ കെട്ടിടത്തിൽ സജ്ജീകരിച്ച താൽക്കാലിക സ്​റ്റുഡിയോയിൽനിന്നായിരുന്നു രാജ്യത്തെ ആദ്യ ടെലിവിഷൻ സംപ്രേഷണം. ട്രാൻസ്മിറ്ററിെൻറ ശേഷി കുറവായിരുന്നതിനാൽ ഡൽഹിയടക്കം 40 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ മാത്രമേ പരിപാടികൾ ലഭ്യമായിരുന്നുള്ളൂ. ആഴ്ചയിൽ 20 മിനിറ്റായിരുന്നു പ്രവർത്തനം. സൗജന്യമായി വിതരണംചെയ്ത ടെലിവിഷൻ സെറ്റുകൾ ഉപയോഗിച്ച് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ആരംഭിച്ച 180 ടെലിവിഷൻ ക്ലബുകളിലിരുന്നാണ് ആളുകൾ പരിപാടി കണ്ടത്. 
ഇന്നത്തെ കാലത്ത്​ ആഴ്ചയിൽ കുറച്ചു സമയം മാത്രം പ്രവർത്തിക്കുന്ന ടെലിവിഷൻ ചാനലുകളെക്കുറിച്ചും നമുക്ക് സങ്കൽപിക്കാനാവില്ല. എന്നാൽ, ആരംഭഘട്ടത്തിൽ ഇതായിരുന്നു ഇന്ത്യൻ ​െടലിവിഷൻ സം​േപ്രഷണത്തിെൻറ യാഥാർഥ്യം. സ്കൂൾ വിദ്യാർഥികൾക്കും കർഷകർക്കുമായുള്ള പരിപാടികളാണ് ആദ്യ സംപ്രേഷണത്തിൽ ഉണ്ടായിരുന്നത്. പിന്നീട് 1970ൽ രാജ്യത്തിെൻറ പല ഭാഗങ്ങളിലായി കൂടുതൽ ടെലിവിഷൻ ക്ലബുകൾ തുറക്കപ്പെട്ടു. അതുവരെ ഒാൾ ഇന്ത്യ റേഡിയോയുടെ ശാഖയായി പ്രവർത്തിച്ചിരുന്ന ദൂരദർശൻ 1976ൽ ഒരു സ്വതന്ത്ര സ്ഥാപനമായി. ടെലിവിഷൻ ക്ലബുകളിലിരുന്ന് സാധാരണക്കാർക്കുകൂടി പരിപാടികൾ കാണാനായതോടെ ഏറെ ജനപ്രീതിയാണ് ദൂരദർശന് ലഭിച്ചത്. ഇന്ന് എ.ഐ.ആറും (ഒാൾ ഇന്ത്യ റേഡിയോ) ദൂരദർശനും പ്രസാർ ഭാരതി ആക്​ടിനു കീഴിൽ സ്ഥാപിതമായ പ്രസാർ ഭാരതി ബ്രോഡ്കാസ്​റ്റിങ്​ കോർപറേഷനു കീഴിലാണ് പ്രവർത്തിക്കുന്നത്.  

വിനോദ– വിജ്ഞാന പരിപാടികൾ 
തുടങ്ങുന്നു

പരീക്ഷണ സംപ്രേഷണം വിജയമായതോടെ 1965ൽ വിനോദ^വിജ്ഞാന പരിപാടികളുടെ സംപ്രേഷണം ദൂരദർശൻ തുടങ്ങി. ഇതോടെ ആകാശവാണിയിൽ സജ്ജീകരിച്ച താൽക്കാലിക സ്​റ്റുഡിയോ പോരാതെവന്നു. തുടർന്ന് ഡൽഹിയിൽ സ്വന്തം സ്​റ്റുഡിയോ ആരംഭിച്ചു. ഇവിടെവെച്ചാണ് പരിപാടികൾ തയാറാക്കിയിരുന്നത്. 1970ൽ സംപ്രേഷണം 20 മിനിറ്റ് എന്നത് മൂന്നു മണിക്കൂറായി ദീർഘിപ്പിച്ചു. പിന്നാലെ വാർത്ത ബുള്ളറ്റിനും തുടങ്ങിയതോടെ എല്ലാതരം പ്രേക്ഷകരും ദൂരദർശനുണ്ടായി.

സംപ്രേഷണം ഡൽഹി വിടുന്നു
ഡൽഹിക്ക് പുറത്തേക്കുകൂടി സംപ്രേഷണം എത്തിക്കാനായി ആദ്യത്തേതിനെക്കാൾ ശക്തിയുള്ള ട്രാൻസ്മിറ്റർ ഉപയോഗിച്ചുതുടങ്ങി. അങ്ങനെ പ്രക്ഷേപണ പരിധി 60 കിലോമീറ്ററായി കൂടി. ഇത്രയും പ്രദേശത്തെ 80 ഗ്രാമങ്ങളിലെ ജനങ്ങൾക്കായി ‘കൃഷി ദർശൻ’ എന്ന പരിപാടി തുടങ്ങി. ഇന്നും ഈ പരിപാടി ദൂരദർശൻ നിർത്തിയിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം വൈകീട്ട്​ ആറരക്കാണ് കൃഷി ദർശൻ സംപ്രേഷണം ചെയ്യുന്നത്. 

കളർ സംപ്രേഷണം
ദൂരദർശ​െൻറ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒന്നായിരുന്നു 1982ലെ ഒമ്പതാമത് നാഷനൽ ഗെയിംസ് സംപ്രേഷണം. ഇൻസാറ്റ് ഒന്ന് എ എന്ന സാറ്റലൈറ്റ് വഴി രാജ്യമാകെ ഗെയിംസ് വിശേഷങ്ങൾ കളർചിത്രങ്ങളോടെ എത്തിക്കാനായത് ചരിത്രമായി. സ്പോർട്സ് തത്സമയം കാണിക്കുന്നതിലേക്കുള്ള വലിയ കാൽവെപ്പായി ഇത് മാറി. സംപ്രേഷണം തുടങ്ങി 17 വർഷങ്ങൾക്കു ശേഷമായിരുന്നു കളർ സംപ്രേഷണം.

ദൂരദർശനു കീഴിലെ 
വിവിധ ചാനലുകൾ

ഡി.ഡി ബംഗ്ല (ഭാഷ: ബംഗാളി), ഡി.ഡി ബിഹാർ, ഡി.ഡി ഭാരതി, ഡി.ഡി യാദഗിരി (ഭാഷ: തെലുങ്ക്​), ഡി.ഡി ഉത്തരാഖണ്ഡ്, ഡി.ഡി ഉത്തർപ്രദേശ്, ഡി.ഡി പോതികൈ (ഭാഷ: തമിഴ്), ഡി.ഡി ഒഡിയ (ഒഡിയ), ഡി.ഡി നോർത്ത് ഈസ്​റ്റ്​ (അസമീസ്, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിൽ), ഡി.ഡി നാഷനൽ (ഡി.ഡി1, ഹിന്ദി), ഡി.ഡി ന്യൂസ് (ഹിന്ദി, ഇംഗ്ലീഷ്), ഡി.ഡി മലയാളം, ഡി.ഡി മധ്യപ്രദേശ്, ഡി.ഡി പഞ്ചാബി (ഭാഷ: പഞ്ചാബി), ഡി.ഡി ഉർദു (ഉർദു), ഡി.ഡി സ്പോർട്സ് (ഹിന്ദി, ഇംഗ്ലീഷ്), ഡി.ഡി സപ്തഗിരി (ഭാഷ: തെലുങ്ക്​), ഡി.ഡി സഹ്യാദ്രി (ഭാഷ: മറാത്തി), ഡി.ഡി രാജസ്ഥാൻ, ഡി.ഡി ഹിമാചൽപ്രദേശ്, ഡി.ഡി ചന്ദന (കന്നട), ഡി.ഡി ഛത്തിസ്ഗഢ്, ഡി.ഡി ഡൽഹി, ഡി.ഡി ഗിർനാർ, ഡി.ഡി ഹരിയാന, ഡി.ഡി കിസാൻ, ഡി.ഡി കാഷിർ, ഡി.ഡി ഝാർഖണ്ഡ്, ഡി.ഡി ഇന്ത്യ (ഭാഷ: ഹിന്ദി, ഇംഗ്ലീഷ്), ലോക്സഭ ടി.വി (ഭാഷ: ഹിന്ദി, ഇംഗ്ലീഷ്), രാജ്യസഭ ടി.വി (ഭാഷ: ഹിന്ദി, ഇംഗ്ലീഷ്), ഡി.ഡി മ്യൂസിക്, ഡി.ഡി സിനിമ, ഡി.ഡി അരുൺ പ്രഭ, ഡി.ഡി കിഡ്സ്, ഡി.ഡി മെട്രോ (ഭാഷ: ഹിന്ദി), ഗ്യാൻദർശൻ (വിദ്യാഭ്യാസ ചാനൽ).  

ചാനൽ പേരിലെ മാറ്റങ്ങൾ
1984 മുതൽ 1993 വരെ ഡി.ഡി2 എന്ന പേരിൽ സംപ്രേഷണം ചെയ്തുവന്ന ചാനൽ ഡി.ഡി മെട്രോ എന്ന്​ പേര് മാറ്റി. ഈ പേരിൽ 2003 വരെ പ്രവർത്തിച്ചെങ്കിലും  ഇത് പിന്നീട് ഡി.ഡി ന്യൂസ് എന്ന പേരിലാക്കി. എന്നാൽ, 2000 മുതൽ 2001 വരെ മെട്രോ ഗോൾഡ് എന്ന പേരിൽ പ്രവർത്തിച്ച ചാനൽ ഡി.ഡി മെട്രോ ആയി സംപ്രേഷണം തുടങ്ങി. വിദേശവാർത്തകൾക്കും പരിപാടികൾക്കുമായി 1995ൽ തുടങ്ങി 2001 വരെ ഡി.ഡി ഇൻറർനാഷനൽ എന്നപേരിൽ പ്രവർത്തിച്ചുവന്നിരുന്ന ചാനൽ ഡി.ഡി വേൾഡ് എന്ന പേര് സ്വീകരിച്ചു. 
എന്നാൽ, ഇതും 2002ൽ പേരുമാറ്റി ഡി.ഡി ഇന്ത്യ എന്നാക്കി. 1995ൽ തുടങ്ങി ’96 വരെ പ്രവർത്തിച്ച ഡി.ഡി3 എന്ന ചാനൽ ഡി. ഡി മൂവി ക്ലബ് എന്ന ചാനലുമായി കൂട്ടിച്ചേർത്ത് ഡി.ഡി.3 മൂവി ക്ലബ് എന്ന പുതിയ ചാനലുണ്ടാക്കി. എന്നാൽ, 1998 വരെ പ്രവർത്തിച്ച ഈ ചാനൽ പിന്നീട് ഡി.ഡി സ്പോർട്സ് ചാനലാക്കി രൂപാന്തരപ്പെടുത്തി.