ചിലന്തി; ദ ബേഡ് ഈറ്റർ
  • ആഷിഖ്​ മുഹമ്മദ്​
  • 11:09 AM
  • 25/07/2019

ഭംഗിയായി വലകൾ നെയ്തൊരുക്കി ഇര കുടുങ്ങാൻ കാതോർത്ത് പതിയിരിക്കുന്ന ഒരു പാവത്താനാണ് ചിലന്തി എന്നാവും പലരുടെയും ധാരണ. എന്നാൽ, അവരിലും ഭീകരന്മാർ ഉണ്ടത്രേ. ഗോലിയാത്ത് ബേഡ് ഈറ്റർ എന്ന വിദ്വാനെ കാണുമ്പോൾതന്നെ നമ്മൾ അമ്പരന്നുപോവും. ലോകത്തിലെ ഏറ്റവും വലിയ ചിലന്തി എന്ന വിശേഷണത്തിനുടമയായ കക്ഷി പേരുപോലെത്തന്നെ ഭീമനാണ്. പൊതുവെ മാളങ്ങളിൽ തങ്ങാൻ ഇഷ്​ടപ്പെടുന്ന ഇവയെ ബ്രസീൽ, വെനിസ്വേല, സുരിനാം  തുടങ്ങിയ രാജ്യങ്ങളിലെ മഴക്കാടുകളിലാണ് കാണപ്പെടുന്നത്. ഏകാന്ത ജീവിതം നയിക്കുന്ന ഈ ചങ്ങാതിയുടെ മുഖ്യ ആഹാരം  മണ്ണിരകൾ, ഷഡ്‌പദങ്ങൾ, പല്ലി, തവളകൾ, എലികൾ തുടങ്ങിയവയാണ്. പേരിൽ ബേഡ്​ ഇൗറ്റർ എന്നൊക്കെയുണ്ടെങ്കിലും സാധാരണഗതിയിൽ പക്ഷികളെ അവ വേട്ടയാടാറില്ല. രാത്രികാലങ്ങളിൽ ഇരതേടാനിറങ്ങുന്ന ഇവ പകൽസമയങ്ങളിൽ മാളങ്ങളിൽ കഴിഞ്ഞുകൂടും. ഗോലിയാത്തി​െൻറ ശരീരത്തിലെ രോമങ്ങൾ ഉപയോഗിച്ചാണ് ശത്രുക്കളെ നേരിടാറ്. കൂർത്ത മുള്ളുപോലെയുള്ള രോമങ്ങൾ കണ്ണിലോ ആന്തരാവയവങ്ങളിലോ എത്തിപ്പെട്ടാൽ ദിവസങ്ങളോളം ശാരീരിക അസ്വസ്ഥതയുണ്ടാവും. അവശ്യഘട്ടങ്ങളിൽ ഉഗ്രവിഷം കുത്തിവെക്കാനും ഗോലിയാത്ത് ചിലന്തിക്ക് കഴിയും. രണ്ട്‌ സെൻറിമീറ്ററോളം നീളമുണ്ട്‌ ഇവയുടെ വിഷപ്പല്ലുകൾക്ക്. കാലുകൾക്കാകട്ടെ, 30 സെൻറിമീറ്ററും ശരീരത്തിന് 11.9 സെൻറിമീറ്ററും നീളമുണ്ട്‌. ഒരു കുഞ്ഞു നായ്​ക്കുട്ടിയുടെ ഭാരത്തോളം വരും ഇവയുടെ തൂക്കം.
ഒരു കാൽ നഷ്​ടപ്പെട്ടാലും ആ സ്ഥാനത്ത് പുതിയത് വളർന്നുവരുന്ന രീതിയിലാണ് ഗോലിയാത്തി​െൻറ ശരീരഘടന. ആൺചിലന്തികളുമായി താരതമ്യം ചെയ്യുമ്പോൾ പെൺചിലന്തികൾക്ക് ആയുർദൈർഘ്യം കൂടുതലാണ്. 25 വയസ്സോളം വരെ പെൺചിലന്തികൾ ജീവിക്കുമത്രേ. ആൺ ചിലന്തിയാകട്ടെ മൂന്ന് മുതൽ ആറു വർഷം വരെ മാത്രവും. എട്ടു കണ്ണുകളുണ്ടെങ്കിലും കാഴ്ചശക്തി തീരെ കുറവാണ് ഈ ചങ്ങാതിക്ക്. അതിനാൽതന്നെ, ചുറ്റുപാടുകളെ മനസ്സിലാക്കാൻ സ്പർശന ശേഷിയുള്ള രോമങ്ങളാണ് അവയെ സഹായിക്കുന്നത്. പൊതുവെ ചിലന്തികൾ നിശ്ശബ്​ദരാണെങ്കിലും ഗോലിയാത്ത് ചിലന്തികൾ ആക്രമണ സമയത്ത് പ്രത്യേകതരം ശബ്​ദം പുറപ്പെടുവിക്കാറുണ്ട്. അവയുടെ കാലുകൾ ഉരസുമ്പോഴാണത്രെ ഈ സീൽക്കാരം പുറത്തേക്ക് വരുന്നത്.  ഗോലിയാത്തി​െൻറ വിഷം മാരകമ​െല്ലന്നതിനാൽതന്നെ സൗത്ത് അമേരിക്കയുടെ വടക്കുഭാഗങ്ങളിലുള്ളവർ ഇവയെ ആഹാരമാക്കാറുണ്ട്.