നാളറിവ്
ഇന്ത്യൻ ഭരണഘടന
  • അഡ്വ. എ. ബിജുനാഥ്​
  • 02:28 PM
  • 27/27/2017

നവംബർ 26 ഭരണഘടനാദിനം

വൈവിധ്യങ്ങൾ പുലരു​േമ്പാഴും ഒരുമിച്ച്​ ജീവിക്കാൻ പ്രാപ്​തമാക്കുന്ന ഘടകമാണ്​ ഭരണഘടന. ഒരു രാജ്യത്തി​െല ഗവൺമെൻറിനെയും സ്​ഥാപനങ്ങളെയും ജനങ്ങളെയും ചേർത്തുനിർത്തുന്ന ​അനേകം ചട്ടങ്ങളുടെയും തത്ത്വങ്ങളുടെയും സ്രോതസ്സ്​ ഭരണഘടനതന്നെയാണ്​. വ്യത്യസ്​ത മതവിഭാഗങ്ങളിലും തൊഴിലുകളിലും കാഴ്​ചപ്പാടുകളിലും​ പ്രായഘടനയിലുമുള്ളവരെ സമാധാനപരമായും സുരക്ഷിതമായും ഒരുമിച്ച്​ ജീവിക്കാൻ പ്രാപ്​തമാക്കുന്നത്​ ആ ഭരണഘടനയുടെ വിജയമാണ്​. ‘‘ഒരു സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ചെറിയ അളവിലെങ്കിലും ഏകോപനമുണ്ടാക്കുന്ന അടിസ്​ഥാനപരമായ നിയമാവലി പ്രദാനംചെയ്യുകയാണ്​ ഏതു ഭരണഘടനയുടെയും ഒന്നാമത്തെ ധർമമെന്ന്​ നിയമജ്​ഞർ വിലയിരുത്തിയിട്ടുണ്ട്​.
ഒരു രാജ്യത്തെ രൂപപ്പെടുത്തുന്ന, അല്ലെങ്കിൽ ഭരിക്കുന്ന  അടിസ്​ഥാന തത്ത്വങ്ങളുടെ ശേഖരമാണ്​ ഭരണഘടന. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച്​ അറിഞ്ഞിരിക്കേണ്ടത്​ ഒാരോരുത്തരുടെയും കടമയാണ്​. ഒരു സമൂഹത്തിലെ അടിസ്​ഥാന അധികാരവിഭജനം ആ രാജ്യത്തിലെ ഭരണഘടന തീരുമാനിക്കുന്നതാണ്. രാജഭരണകാലങ്ങളിൽ രാജാവ്​ തീരുമാനിച്ചതുപോലെ ഏകകക്ഷി രാജ്യങ്ങളിൽ പാർട്ടി നിശ്ചയിക്കുന്നതുപോലെ ജനാധിപത്യ ഭരണഘടന നിലവിലുള്ള രാജ്യങ്ങളിൽ പൊതുവെ ജനങ്ങളാണ്​ തീരുമാനിക്കേണ്ടത്​. ഒരു സമൂഹത്തിൽ നിയമങ്ങൾക്ക്​ രൂപംനൽകേണ്ടത്​ ആരാണെന്ന്​ നിർണയിക്കലാണ്​ ഭരണഘടനയുടെ രണ്ടാമത്തെ ധർമമെങ്കിൽ ഗവൺമെൻറിന്​ ആ രാജ്യത്തിലെ പൗരന്മാരുടെ മേലുള്ള അധികാരങ്ങൾക്ക്​ പരിധി നിർണയിക്കലാണ്​ മൂന്നാമത്തെ ധർമം. സമൂഹത്തി​െൻറ അഭിലാഷങ്ങൾ സാധ്യമാക്കാൻ ഗവൺമെൻറിനെ പ്രാപ്​തമാക്കുകയും നീതിപരമായ ഒരു സമൂഹം വാർത്തെടുക്കാൻ സാഹചര്യങ്ങൾ സൃഷ്​ടിക്കുകയുമാണ്​ ഭരണഘടനയുടെ  മറ്റൊരു ധർമം.
ലോകത്തെ ഏറ്റവും വലിയ ഭരണഘടനയാണ്​ നമ്മുടെ മാതൃരാജ്യമായ ഇന്ത്യയുടേത്​. ഗവൺമെൻറ്​ സംവിധാനത്തെ പ്രതിപാദിക്കുകയല്ല, മറിച്ച്​ കോടിക്കണക്കിന്​ ജനങ്ങളുടെ ആശയും അഭിലാഷവും നീതിയുടെ ​പ്രതീക്ഷയുമായി അത്​ നില
കൊള്ളുകയാണ്​. ഭരണഘടന നിർമാണസഭയിൽ പ്രതിഭാശാലികളായ നിയമജ്ഞർ നടത്തിയ ശ്രമഫലമാണ്​ അതി​​െൻറ വിജയം. വിവിധ രാജ്യങ്ങളിലെ ഭരണഘടനകളിൽനിന്ന്​ സ്വീകാര്യമായ നല്ലവശങ്ങൾ ചേർത്താണ്​ നമ്മുടെ ഭരണഘടന തയാറാക്കിയത്​.

ഇന്ത്യൻ ഭരണഘടന തയാറാക്കിയത്​ എങ്ങനെ
അവിഭക്​ത ഇന്ത്യക്കുവേണ്ടിയാണ്​ ഭരണഘടന നിർമാണ സമിതി ഒൗദ്യോഗികമായി രൂപവത്​കരിച്ചത്​. അവിഭക്​ത ഇന്ത്യയിലെ സംസ്​ഥാന നിയമസഭകളിലെ അംഗങ്ങളാണ്​ ഭരണഘടന നിർമാണ സമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തത്​. പ്രഥമയോഗം 1946 ഡിസംബർ ഒമ്പതിന്​ ചേർന്നു. വിഭക്ത ഇന്ത്യക്ക്​ വേണ്ടി ഭരണഘടന നിർമാണസഭ ആദ്യമായി ചേർന്നത്​ 1947 ആഗസ്​റ്റ്​ 14നാണ്​. 
1935ൽ സ്​ഥാപിതമായ താൽക്കാലിക നിയമസഭകളിൽനിന്ന്​ പരോക്ഷമായി തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ഇതിലെ അംഗങ്ങൾ. കാബിനറ്റ്​ മിഷൻ എന്നറിയപ്പെടുന്ന കമ്മിറ്റിയുടെ നിർദേശമനുസരിച്ചാണ്​ ഭരണഘടന നിർമാണ സമിതി രൂപവത്​കരിച്ചത്​. 

നിർദേശക തത്ത്വങ്ങളുടെ ഉള്ളടക്കം 
ഭരണഘടനയുടെ നാലാം ഭാഗത്തിൽ അനുച്ഛേദം 36 മുതൽ 51 വരെയാണ്​ നിർദേശക തത്ത്വങ്ങളെക്കുറിച്ച്​ പരാമർശിക്കുന്നത്​.
1. ഒരു സമൂഹം എന്ന നിലയിൽ പൗരന്മാർ സ്വീകരിക്കേണ്ട ലക്ഷ്യങ്ങളും മാർഗങ്ങളും.
2. മൗലികാവകാശങ്ങൾക്ക്​ പുറമെ വ്യക്​തികൾക്ക്​ അനുഭവിക്കാവുന്ന ചില അവകാശങ്ങൾ.
3. ഗവൺമെൻറ്​ സ്വീകരിക്കേണ്ട ചില നയങ്ങൾ.
മൗലികാവകാശങ്ങളും നിർദേശക തത്ത്വങ്ങളും പരസ്​പരപൂരകങ്ങളാണ്​. മൗലികാവകാശങ്ങൾ നിഷേധസ്വഭാവമുള്ളവയാണ്​. ഗവൺമെൻറ്​ ചില കാര്യങ്ങൾ ചെയ്യുന്നത്​ അവ വിലക്കുന്നു. എന്നാൽ, നിർദേശക തത്ത്വങ്ങൾ ഗവൺമെൻറ്​ ചില കാര്യങ്ങൾ ചെയ്യണമെന്ന്​ നിർദേശിക്കുന്നു. മൗലികാവകാശങ്ങൾ പ്രധാനമായും പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നവയാണ്​. നിർദേശക തത്ത്വങ്ങളാക​െട്ട മൊത്തം സമൂഹത്തി​െൻറ ക്ഷേമം ഉറപ്പുവരുത്തുന്നു.

ബിൽ ഒാഫ്​ റൈറ്റ്​സ്​ (Bill of Rights)
വ്യക്​തികളുടെ അവകാശങ്ങൾക്കെതിരെ ഗവൺമെൻറ്​ പ്രവർത്തിക്കുന്നതിനെ ബിൽ ഒാഫ്​ റൈറ്റ്​സ്​ തടയുന്നു. വ്യക്​തികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെങ്കിൽ അതിന്​ പരിഹാരം നിർദേശിക്കുകയും ചെയ്യുന്നു.
അധികാര സന്തുലനം
ഇന്ത്യൻ ഭരണഘടന അധികാരങ്ങൾ ജനപ്രതിനിധി സഭ, എക്​സിക്യൂട്ടിവ്​, ജുഡീഷ്യറി, കൂടാതെ തെരഞ്ഞെടുപ്പ്​ കമീഷനെപ്പോലെ സ്വയം ഭരണാധികാരമുള്ള സ്​ഥാപനങ്ങൾക്ക്​ തിരശ്ചീനമായി വിഭജിച്ച്​ നൽകിയിരിക്കുന്നു. ഏതെങ്കിലും ഒരു സ്​ഥാപനം ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെങ്കിൽ മറ്റ്​ സ്​ഥാപനങ്ങൾ അതു തടയുമെന്ന്​  ഉറപ്പു വരുത്തുന്നു.

ജീവിക്കുന്ന പ്രമാണം
ഇന്ത്യൻ ഭരണഘടനയെ ജീവിക്കുന്ന ​പ്രമാണം എന്ന്​ വിശേഷിപ്പിക്കുന്നു. ഭരണഘടനയുടെ ആധികാരികത ഉറപ്പുവരുത്തുന്ന മൂന്ന്​ ഘടകങ്ങൾ.
1. പ്രഖ്യാപന രീതി
2. ഭരണഘടനയിലെ മുഖ്യ വ്യവസ്​ഥകൾ
3. സ്​ഥാപനപരമായ രൂപരേഖ
ഇന്ത്യൻ ഭരണഘടനയിലെ ചില അടിസ്​ഥാന തത്ത്വങ്ങളുടെ ഉറവിടങ്ങൾ
•പാർലമെൻററി ഗവൺമെൻറ്​ ^ബ്രിട്ടൻ
•കാബിനറ്റ്​ സ​മ്പ്രദായം ^ബ്രിട്ടൻ
•തെരഞ്ഞെടുപ്പ്​ ^ബ്രിട്ടൻ
•സുപ്രീംകോടതി, ഹൈകോടതി ജഡ്​ജിമാ​െര നീക്കംചെയ്യൽ ^​അമേരിക്ക
•മൗലികാവകാശങ്ങൾ ^അമേരിക്ക
•കൂട്ടുത്തരവാദിത്തം ^ബ്രിട്ടൻ
•നിയമനിർമാണം ^ബ്രിട്ടൻ
•ഏക പൗരത്വം ^ബ്രിട്ടൻ
•മൗലിക കടമകൾ ^യു.എസ്​.എസ്​.ആർ
•സംസ്​ഥാന ഗവർണർമാരുടെ നിയമനം ^കാനഡ
•ഭരണഘടന വ്യാഖ്യാനം ചെയ്യാൻ സുപ്രീംകോടതിക്ക്​ അധികാരം ^അമേരിക്ക
•ജ​ുഡീഷ്യൽ റിവ്യൂ ^അമേരിക്ക
•സർവസൈന്യാധിപനായ പ്രസിഡ​ൻറ്​ ^അമേരിക്ക
•ജുഡീഷ്യൽ റിവ്യൂ ^അമേരിക്ക
•തുല്യ നിയമപരിരക്ഷ ^അമേരിക്ക
•നിയമനിർമാണം ^ബ്രിട്ടൻ
•സ്വതന്ത്ര നീതിനിർവഹണം ^അമേരിക്ക
•ജുഡീഷ്യൽ റിവ്യൂ ^അമേരിക്ക
•കൺകറൻറ്​ ലിസ്​റ്റ്​ ^ആസ്​ട്രേലിയ
•കേന്ദ്രത്തോടുകൂടി ഫെഡറൽ ഗവൺമെൻറ്​ ^കാനഡ
•അടിയന്തരാവസ്​ഥ കാലത്ത്​ മൗലികാവകാശങ്ങൾ റദ്ദുചെയ്യൽ ^ജർമനി

ഭരണഘടന നിർമാണ സമിതിയിലെ പ്രധാന കമ്മിറ്റികൾ
1. റൂൾസ്​ കമ്മിറ്റി
2. സ്​റ്റിയറിങ്​ കമ്മിറ്റി
3. ഡ്രാഫ്​റ്റ്​ കമ്മിറ്റി
4. സ്​റ്റേറ്റ്​സ്​ കമ്മിറ്റി
5. യൂനിയൻ പവർ കമ്മിറ്റി
6. ഫിനാൻസ്​ ആൻഡ്​ സ്​റ്റാഫ്​ കമ്മിറ്റി
7. ട്രാൻസ്​ലേഷൻ കമ്മിറ്റികൾ
8. അഡ്വൈസറി കമ്മിറ്റി
9. യൂനിയൻ കോൺ​സ്​റ്റിറ്റ്യൂഷൻ കമ്മിറ്റി
10. ​െപ്രാവിൻഷ്യൽ കോൺ​സ്​റ്റിറ്റ്യൂഷൻ കമ്മിറ്റി

റിട്ടുകൾ (Writs) 
ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണത്തിന്​ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന്​ സുപ്രീംകോടതിക്കും ഹൈകോടതികൾക്കുമുള്ള അധികാരമാണ്​ റിട്ട്​. അനുച്ഛേദം 32 പ്രകാരം സുപ്രീംകോടതിക്കും അനുച്ഛേദം 226 അനുസരിച്ച്​ ഹൈകോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം.
ഹേബിയസ്​ കോർപസ്​, മാൻഡമസ്​, ​​െപ്രാഹിബിഷൻ, ക്വോ വാറൻഡോ, സെർഷ്യോറാറി എന്നിങ്ങനെ അഞ്ച്​ റിട്ടുകൾ.

ഭരണഘടന ഡ്രാഫ്​റ്റിങ്​ സമിതിയിലെ അംഗങ്ങൾ
1. ഡോ. ബി.ആർ. അംബേദ്​കർ
2. എൻ. ഗോപാലസ്വാമി അയ്യങ്കാർ
3. അല്ലാടി കൃഷ്​ണസ്വാമി അയ്യർ
4. കെ.എം. മുൻഷി
5. സയ്യദ്​ മുഹമ്മദ്​ സഹറുല്ല ഖാൻ
6. ബി.എൽ. മിട്ടാർ (പിന്നീട്​ പകരക്കാരനായി എൻ. മാധവറാവു നിയമിതനായി).
7. ഡി.പി. കൈതാൻ (മരണശേഷം ടി.ടി. കൃഷ്​ണമാചാരി).
ഭരണഘടന നിർമാണ സമിതിയുടെ ഡ്രാഫ്​റ്റിങ്​ കമ്മിറ്റി ചെയർമാൻ ഡോ. ബി.ആർ. അംബേദ്​കർ ആയിരുന്നു.
ഭരണഘടന നിർമാണ സഭയുടെ സ്​ഥിരം അധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ്​ ആയിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ
സവിശേഷതകൾ

•ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയാണ്​.
•പ്രായപൂർത്തി വോട്ടവകാശം
•പരമാധികാരം ജനങ്ങളിൽ നിക്ഷിപ്​തമാക്കപ്പെട്ടിരിക്കുന്നു.
•മതേതര രാഷ്​ട്രം. ഒരുമതത്തിനും പ്രത്യേക പരിഗണന നൽകാതെ എല്ലാ മതങ്ങളെയും തുല്യമായി കാണുന്നു.
•മൗലിക അവകാശങ്ങളും മൗലിക കടമകളും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
•ശക്തമായ കേന്ദ്രവും നിയന്ത്രിതമായ അധികാരത്തോടുകൂടിയ ഫെഡറൽ സംവിധാനവും.
•കേന്ദ്രത്തിലും സംസ്​ഥാനങ്ങളിലും പാർലമെൻററി രൂപത്തിലുള്ള സർക്കാർ.
•ഒരേസമയം കാർക്കശ്യവും അയഞ്ഞതുമാണ്​ ഇന്ത്യൻ ഭരണഘടന.
•നിർദേശക തത്ത്വം.
•ഏക പൗരത്വം.
•ജനതക്ക്​ മൗലികമായ 
വ്യക്​തിത്വം നൽകുന്നു.

മൗലികാവകാശ വിഭാഗങ്ങൾ
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ മൗലികാവകാശങ്ങളുടെ ആറ്​ വിഭാഗങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്​.
1. സമത്വത്തിനുള്ള അവകാശം (Right to equality) (14^18 വരെ)
2. സ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to Freedom) (19^22 വകുപ്പുകൾ)
3. ചൂഷണത്തിനെതിരെയുള്ള അവകാശം  (Right against Exploitation) (23^24 വകുപ്പുകൾ)
4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to Freedom of Religion) (25^28 വകുപ്പുകൾ)
5. സാംസ്​കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ (Cultural and educational Rights) (29^30 വകുപ്പുകൾ).
6. ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം (Right to Constitutional Remedies) (32ാം വകുപ്പ്​)

മൗലിക കടമകൾ 
(അനുച്ഛേദം 51 എ)

ഭരണഘടനയുടെ അനുച്ഛേദം 51 എയിൽ (ഭാഗം IV) മൗലിക കടമകൾ എന്തൊക്കെയാണെന്ന്​ വിശദമാക്കിയിരിക്കുന്നു. 1976ലെ 42ാം ഭരണഘടന ഭേദഗതി വഴിയാണ്​ ഇവ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്​. തുടക്കത്തിൽ 10 കടമകളായിരുന്നു. എന്നാൽ, 2002ലെ 86ാമത്​ ഭേദഗതി വഴി 11 ആയി ഉയർന്നു. 
ഇന്ത്യയുടെ ഭരണഘടന നിർമാണസഭ ഭരണഘടന സ്വീകരിച്ച്​ അംഗീകാരം നൽകിയത്​ 1949 നവംബർ 26നാണ്​. അതിനാൽതന്നെ ഇൗ ദിനം രാജ്യത്ത്​ നിയമദിനമായി ആചരിച്ചിരുന്നു​. 
ഇൗയിടെ അതിന്​ മാറ്റം വരുത്തി നവംബർ 26ന്​ ഭരണഘടനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. 1950 ജനുവരി 26നാണ്​ ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത്​.