നാളറിവ്
ഇടതന്മാർ
  • സന്ദീപ്​ ഗോവിന്ദ്​
  • 11:41 AM
  • 14/08/2019

വലതുകൈകൊണ്ട് ചെയ്യുന്ന കാര്യങ്ങൾ ഇടതുകൈകൊണ്ട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ? എഴുത്തും പന്തെറിയലും ചിത്രം വരക്കലുമെല്ലാം ഇടതു കൈകൊണ്ട് ചെയ്​തുനോക്കൂ... ബുദ്ധിമുട്ടാണല്ലേ... അപ്പോൾ സ്ഥിരമായി ഇടതു കൈകൊണ്ട് ഇവയെല്ലാം ചെയ്യുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ? ഓർത്തുനോക്കൂ നിങ്ങൾക്കുമില്ലേ ‘ഇടതന്മാരായ’ കൂട്ടുകാർ. മൈതാനത്തിൽ ഇടതുകൈകൊണ്ട് ബാറ്റ് ചെയ്യുന്നതും പന്തെറിയുന്നതും അനായാസം ചിത്രം വരക്കുന്നതും ഒപ്പിടുന്നതുമെല്ലാം ആദ്യ കാഴ്ചയിൽ കൗതുകത്തോടെ നോക്കിനിന്നിട്ടില്ലേ. ഇടതന്മാരുടെ വിശേഷങ്ങളുമായാണ് ഇത്തവണ ‘വെളിച്ചം’ എത്തുന്നത്. 

എ​ത്ര ഇടതന്മാരുണ്ടാവും?
ലോകജനസംഖ്യയിൽ 10 മുതൽ 15 ശതമാനം മാത്രമാണ് ഇടംകൈയന്മാർ. സംഭവം ശരിയല്ലേ, നമ്മളിൽ ഭൂരിഭാഗവും വലതുകൈകൊണ്ട് കാര്യങ്ങൾ ചെയ്യുേമ്പാൾ അതിൽനിന്ന് വ്യത്യസ്തമായി ജീവിക്കുന്നവർ വളരെ കുറവല്ലേ. നിങ്ങളുെട ക്ലാസിൽ, സ്കൂളിൽ എത്ര ഇടതന്മാരുണ്ടെന്ന് വെറുതെ കണ്ടെത്തൂ. എഴുതുന്നതുപോലെയുള്ള കാര്യങ്ങള്‍ ഏറ്റവും സൗകര്യപ്രദമായും അനായാസമായും വലതുകൈയേക്കാള്‍ ഇടതുകൈകൊണ്ടു നിത്യേന ചെയ്യുന്നവരാണ് ഇടംകൈയര്‍. എന്നാല്‍, എല്ലാ കാര്യവും ഒരേ കൈതന്നെ ചെയ്തുകൊള്ളണമെന്നില്ല.  സാധാരണമായ എഴുത്താണ് ഒരാൾ ഇടതാണോ വലതാണോ എന്ന് നിര്‍ണയിക്കുന്നതെങ്കിലും ചിലർ ചെയ്യുന്ന കൂടുതൽ കാര്യങ്ങളും ഇടതുവശംകൊണ്ടാണെങ്കിൽ അയാളെയും ഇടതനായി കണക്കാക്കാറുണ്ട്​.

തലച്ചോർ തീരുമാനിക്കും, നിങ്ങൾ ചെയ്യും
നമ്മുടെ കൈ നിർണയിക്കുന്നത് തലച്ചോറാണ്. വലംകൈയന്മാരില്‍ തലച്ചോറിെൻറ ഇടതുവശത്തിനായിരിക്കും സ്വാധീനം കൂടുതല്‍. ഇടംകൈയന്മാരില്‍ മിക്കവരിലും ഇത്​ നേരെതിരിച്ചുമായിരിക്കും. ദൃശ്യം, സ്ഥലം എന്നിവയെക്കുറിച്ചുള്ള ധാരണ, അവബോധം, വികാരം, ക്രിയേറ്റിവിറ്റി, ശ്രദ്ധ എന്നിവയെല്ലാം തലച്ചോറിെൻറ വലതുഭാഗമാണ് സാധാരണയായി നിയന്ത്രിക്കുന്നത്. ജനിതകപരവും അല്ലാത്തതുമായ ഘടകങ്ങളാണ് ഇടതാകാനും വലതാകാനും കാരണം. ചെറുപ്പത്തിൽ ഏതു കൈയാണ് കൂടുതല്‍ ഉപയോഗിക്കുന്നത് എന്നു നോക്കി വലുതാകുമ്പോള്‍ ഇടംകൈയനാകുമോ അതോ വലംകൈയനാകുമോ എന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ പ്രീസ്‌കൂള്‍ സമയമാകുമ്പോഴേക്കും 90 ശതമാനം കുട്ടികളിലും ഏകദേശം മനസ്സിലാകും. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്കാണ് ഇടംകൈയന്മാരാകാനുള്ള സാധ്യത കൂടുതൽ എന്നാണ് കണ്ടെത്തൽ.

നിർബന്ധിച്ച്​ കൈ മാറ്റിക്കല്ലേ...
സാധാരണഗതിയിൽ കുട്ടികൾ ഇടംകൈയന്മാരാണെന്ന് മനസ്സിലായാൽ രക്ഷിതാക്കള്‍ ഏറെ പണിപ്പെട്ട് കുട്ടികളുടെ ഇടംകൈ മാറ്റി വലംകൈ ആക്കാന്‍ ശ്രമിക്കുന്നത് പതിവാണ്. ഇടംകൈയനായ ഒരു കുട്ടിയെ നിര്‍ബന്ധിച്ച്​ ഒരിക്കലും വലംകൈയനാക്കരുത്. അങ്ങനെ ചെയ്യുേമ്പാൾ പിന്നീട് പല പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കുട്ടികളുടെ ഓര്‍മശക്തി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എന്നിവയെ അതു ബാധിച്ചേക്കാം. സ്കൂളുകളിലെ റൈറ്റിങ് പാഡ് അടക്കമുള്ള കസേരകൾ അടക്കം മിക്ക ഉപകരണങ്ങളും വലംകൈയന്മാര്‍ക്കു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതാണ് ഇടംകൈയന്മാര്‍ നേരിടേണ്ടിവരുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ഇടംകൈയനായ കുട്ടിക്ക് ക്ലാസില്‍ വലംകൈയനായ കുട്ടികളുടെ അടുത്തിരുന്ന് എഴുതുമ്പോള്‍ കൈകള്‍ തമ്മില്‍ കൂട്ടിമുട്ടി ബുദ്ധിമുട്ടുണ്ടായേക്കാം. സ്‌ക്രൂ മുറുക്കാനും, ഒരു പെന്‍സില്‍ കൂർപ്പിക്കാനും  ബുദ്ധിമുട്ടുകള്‍ നേരിടാം. എന്നാല്‍ ക്രിക്കറ്റ്, ടെന്നിസ്, ബാഡ്മിൻറണ്‍, ബോക്‌സിങ് എന്നിവ ഇടംകൈയന്മാര്‍ക്കു കൂടുതല്‍ സൗകര്യപ്രദമായി കളിക്കാന്‍ പറ്റും. 40 ശതമാനം ടെന്നിസ് കളിക്കാരും ഇടതന്മാരാണ്. 

നാലുതരം കൈയന്മാര്‍

  • വലംകൈയന്മാര്‍ (Right handed): എല്ലാ പ്രധാന പ്രവൃത്തികളും വലംകൈകൊണ്ട് നന്നായി ചെയ്യാന്‍ കഴിയുന്നവർ.
  • ഇടംകൈയന്മാര്‍ (Left handed): കാര്യങ്ങള്‍ ഇടംകൈകൊണ്ട്​ നന്നായി ചെയ്യാന്‍ കഴിയുന്നവർ.
  • സങ്കര കൈയന്മാര്‍: (Mixed) ചില കാര്യങ്ങള്‍ വലംകൈകൊണ്ടും ചിലത് ഇടംകൈകൊണ്ടും ചെയ്യാൻ കഴിയും. 
  • Ambidextrous: ഇക്കൂട്ടര്‍ അപൂർവമാണ്. ഇവര്‍ ഏതു കാര്യവും രണ്ടു കൈകൊണ്ടും ഒരുപോലെ നന്നായി ചെയ്യും.

അമേരിക്കയുടെ ഇടതന്മാർ 
അമേരിക്കയുടെ പ്രസിഡൻറുമാരും ഇടംകൈയും തമ്മിലൊരു ബന്ധമുണ്ട്. ഇതുവരെ അമേരിക്കയുടെ എട്ട് പ്രസിഡൻറുമാർ ഇടംകൈയന്മാരായിരുന്നു. മുൻ പ്രസിഡൻറായിരുന്ന ബറാക്​ ഒബാമയാണ് ഈ പട്ടികയിൽ അവസാനത്തേത്. ജെയിംസ് ഗാർഫീൽഡ്, ഹെർബർട്ട് ഹൂവർ, ഹാരി എസ്. ട്രൂമാൻ, ജെറാൾഡ് ഫോർഡ്, റൊണാൾഡ് റെയ്​ഗൻ, ജോർജ് എച്ച്.ഡബ്ല്യു. ബുഷ്, ബിൽ ക്ലിൻറൻ, ബറാക്​ ഒബാമ എന്നിവരാണ് ഇടംകൈകൊണ്ട് അമേരിക്കയെ ഭരിച്ച പ്രസിഡൻറുമാർ.   

ഇടതുകൊണ്ട് കളിക്കുന്നവർ
കൂട്ടുകാരുടെ പ്രിയ ക്രിക്കറ്റ്​ താരങ്ങളായ യുവരാജ് സിങ്ങും സുരേഷ് റെയ്നയും ഇടം കൈകൊണ്ട് ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടില്ലേ, ലോകപ്രശസ്ത ക്രിക്കറ്റർമാരിൽ പലരും ഇടംകൈയന്മാരായിരുന്നു. സചിൻ െടൻഡുൽക്കർ കളിക്കളത്തിൽ വലംകൈയനാണെങ്കിലും ജീവിതത്തിൽ ഇടംകൈയനാണെന്ന് എത്രപേർക്കറിയാം?  ബ്രയാൻലാറ, സൗരവ് ഗാംഗുലി, ഗാരി സോബേഴ്സ്, ആനറി ഫ്ലവർ, സനത് ജയസൂര്യ, ആദം ഗിൽക്രിസ്​റ്റ്​,  മാത്യു ഹെയ്ഡൻ, കുമാർ സംഗക്കാര, സ്​റ്റീഫൻ ഫ്ലമിങ്, സയ്യിദ് അൻവർ തുടങ്ങിയ കളിക്കാർ ഇടംകൈകൊണ്ടാണ് മൈതാനങ്ങളിൽ ചരിത്രമെഴുതിയത്. 

ലെഫ്റ്റ് ഹാൻഡർ മെയിഡ് ഇൻ ഇന്ത്യ
ഇന്ത്യക്കാരായ ഇടംകൈയന്മാരെ പരിചയപ്പെടാം. പട്ടികയിൽ മുന്നിൽ നമ്മുടെ രാഷ്​ട്രപിതാവ് മഹാത്മാ ഗാന്ധി രണ്ടുകൈകൊണ്ടും എഴുതുമെങ്കിലുംപ്രധാന കാര്യങ്ങൾക്കെല്ലാം കൂടുതലായി ആശ്രയിച്ചിരുന്നത്​ ഇടതുകൈയിനെയാണ്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അങ്ങനെതന്നെ. പ്രമുഖ വ്യവസായി രത്തൻ ടാറ്റ, ക്രിക്കറ്റ് ഇതിഹാസം സചിൻ, സംവിധായകൻ കരൻ ജോഹർ, താരചക്രവർത്തി അമിതാഭ്​ ബച്ചൻ എന്നിവരെല്ലാം നമ്മുടെ ഇടതന്മാരാണ്. 
ആൽബർട്ട് ഐൻസ്​റ്റൈൻ, ചിരിയുടെ തമ്പുരാൻ ചാർളി ചാപ്ലിൻ, മൈക്കൽ ജാക്സൻ, അലക്സാൻഡർ ദ ഗ്രേറ്റ്, മാർക്ക് സക്കർബർഗ്, മദർ തെരേസ -പ്രമുഖരുടെ പട്ടിക അങ്ങനെ നീളുകയാണ്. 

ഇടതന്മാരുടെ ദിനം
ആഗസ്​റ്റ്​ 13 ആണ് ഇൻറർനാഷനൽ െലഫ്റ്റ് ഹാൻഡേഴ്സ് ഡേ ആയി ആചരിക്കുന്നത്. ഡീൻ ആർ. കാംെബയ്ൽ (Dean R. Campbell)  സ്ഥാപിച്ച ​െലഫ്റ്റ് ഹാൻഡേഴ്സ് ഇൻറർനാഷനലിെൻറ വരവോടെയാണ് 1976 മുതൽ ഇടതന്മാരുടെ ദിനം ആചരിക്കാൻ തുടങ്ങിയത്.  

ഇരട്ടകളും ഇടംകൈയന്മാരും
ഇരട്ടക്കുട്ടികളില്‍ ഭൂരിഭാഗവും ഇടംകൈയന്മാര്‍ ആയിരിക്കും എന്നതാണ് രസകരമായ കാര്യം. യുനൈറ്റഡ്​ സ്​റ്റേറ്റ്സിൽ 30 മില്യൺ ആളുകൾ ഇടതന്മാരാണ്. മാത്രമല്ല, ഇടംകൈകൊണ്ട് കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നും വിശ്വാസമുണ്ട്. ഇടതന്മാരുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല.