പഠനമുറി
ആത്മവിശ്വാസത്തോടെ പരീക്ഷക്കൊരുങ്ങാം
  • പി.എ.എം. അബ്​ദുൽ ഖാദർ
  • 11:16 AM
  • 10/02/2020

ഒരുവർഷത്തെ വിദ്യാഭ്യാസ പ്രവർത്തനത്തി​െൻറ മൂല്യനിർണയത്തിനുള്ള ദിവസങ്ങളാണ് വരുന്നത്. ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷയാണ് മാർച്ചിൽ നടക്കുന്നത്. കോളജ് തലത്തിൽ ചില കോഴ്​സുകളുടെ പരീക്ഷകൾക്കും മാർച്ചിൽതന്നെയാണ് തുടക്കം. ഒട്ടുമിക്ക സ്കൂളുകളിലും പാഠഭാഗങ്ങൾ ഏതാണ്ട് പഠിപ്പിച്ചുകഴിഞ്ഞിട്ടുണ്ടാവും. 10, 11, 12 ക്ലാസുകൾക്ക് ഇനി മോഡൽ പരീക്ഷകളും പിന്നെ സ്​റ്റഡി ലീവുമായിരിക്കും. അവശേഷിക്കുന്ന വളരെ ചുരുങ്ങിയ സമയംകൊണ്ട് ഏറ്റവും ഫലപ്രദമായ രീതിയിൽ തയാറെടുക്കുക എന്നതാണ് ഇപ്പോൾ ഉചിതമായ കാര്യം. പരീക്ഷക്ക് എങ്ങനെ ഒരുങ്ങണമെന്നത്​​ വളരെ പ്രധാനമാണ്​. ഇതാ ഒാർത്തിരിക്കേണ്ട ചിലത്​...

1. ആത്മവിശ്വാസം 
ആത്മവിശ്വാസത്തി​െൻറ അടിസ്ഥാനം മനോബലമാണ്. ഞാൻ നന്നായി പഠിക്കും, പരീക്ഷ നന്നായെഴുതും, ഇനിയുള്ള ഓരോ നിമിഷവും പാഴാക്കാതെ പഠിക്കാനായി മാത്രം വിനിയോഗിക്കും... ഇങ്ങനെയുള്ള ഒരു മനസ്സ്‌ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ പഠനത്തിലേക്കുള്ള വഴി ഏളുപ്പമാകും.

2. സമയക്രമീകരണം 
പരീക്ഷക്ക് ഇനി എത്രദിവസമാണുള്ളത്‌ എന്നതാണ് സമയക്രമീകരണത്തി​െൻറ സുപ്രധാനവശം. ലഭ്യമായ സമയം അനുസരിച്ച് പഠനസമയം ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. പൊതുപരീക്ഷ ആരംഭിക്കുന്നതിനുമുമ്പുതന്നെ എല്ലാവിഷയങ്ങളും ഒന്നുരണ്ടു തവണ ആവർത്തിച്ച് പൂർത്തിയാക്കണം. പരീക്ഷ തുടങ്ങിക്കഴിഞ്ഞാൽ ഓരോവിഷയത്തി​െൻറയും പരീക്ഷയുടെ തലേന്ന്​ ആ വിഷയത്തിൽത​െന്ന ശ്രദ്ധ കേന്ദ്രീകരിക്കണം.

3. മുൻഗണനാക്രമം  
ഓരോ വിഷയവും പഠിക്കുന്നതിന് തെരഞ്ഞെടുക്കുന്ന സമയം ഔചിത്യപൂർവം വിനിയോഗിക്കാൻ കഴിയണം. ഏറ്റവും നന്നായി മനസ്സിലാക്കാൻ അനുയോജ്യമെന്നു തോന്നുന്ന സമയം, പ്രത്യേകിച്ച് നേരം പുലരുമ്പോൾ ആഴത്തിൽ പഠിക്കേണ്ട വിഷയങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. ഗണിതം, സയൻസ്, എന്നീ വിഷയങ്ങളാണ് ഈ ഗണത്തിൽ വരുന്നത്. സോഷ്യൽ സയൻസ് പോലുള്ള വിഷയങ്ങൾ ധാരാളം വായിക്കാനുള്ള പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്‌. ഏത് വിഷയം എപ്പോൾ വായിക്കണമെന്ന്‌ ഓരോ വിദ്യാർഥിയും അവരവരുടെ താൽപര്യമനുസരിച്ചാണ് തീരുമാനിക്കേണ്ടത്.

4. പ്രായോഗികാഭ്യാസം
വായിച്ചു പഠിച്ചാൽ മാത്രം പോരാ, ചില വിഷയങ്ങൾ പ്രായോഗിക പ്രവർത്തനത്തിലൂടെ പഠിക്കണം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കണക്കും സയൻസുമാണ്. ഇതിനായി കഴിയുന്നത്ര ചോദ്യപേപ്പറുകൾ സംഘടിപ്പിച്ച്‌ ഉത്തരമെഴുതി പരിശീലിക്കണം. സ്​റ്റഡി ലീവ് കാലത്ത് ഓരോ വിഷയത്തിനും 25 ചോദ്യപേപ്പർ വീതം കുട്ടികളെ ഉത്തരമെഴുതിച്ച് പരിശീലിപ്പിക്കുന്ന സ്കൂളുകൾ നമ്മുടെ സംസ്ഥാനത്തുണ്ട്. 

5. ചർച്ചകളിലൂടെ പഠിക്കുക
ഓരോ വിഷയത്തിലും തന്നെക്കാൾ മിടുക്കരെന്നുതോന്നുന്ന സഹപാഠികളുമായും കുടുംബങ്ങളുമായും ചർച്ചചെയ്തും ചോദ്യോത്തരം വഴിയും പഠനം പ്രയാസരഹിതമാക്കാൻ കഴിയും.

6. ഉന്മേഷവും ഉത്സാഹവും 
ഉത്സാഹവും ഉന്മേഷവും കെടുത്തുന്ന ജീവിത സാഹചര്യങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കണം. ശാരീരികവും മാനസികവുമായ ഉന്മേഷം പ്രധാനമാണ്.

7. ഉറക്കം
ചില കുട്ടികൾ വളരെയധികം നേരം ഉറക്കമൊഴിഞ്ഞിരുന്ന് വായിക്കാറുണ്ട്. വേണ്ടത്ര ഉറക്കം കിട്ടുന്നില്ലെങ്കിൽ ഓർമക്കുറവ് സംഭവിക്കുമെന്ന് പഠനം തെളിയിക്കുന്നുണ്ട്. മറവി സംഭവിക്കാതിരിക്കാനും ഓർമക്കുറവ് വാരാതിരിക്കാനും ഉറക്കത്തി​െൻറ കാര്യത്തിൽ പ്രത്യേക  ശ്രദ്ധവേണം.

8. വിനോദവും കളിയും 
ഇനിയുള്ള ദിവസങ്ങളിൽ വിനോദവും കളികളും ടി.വി കാണലും കഴിയുന്നത്ര കുറക്കണം. പരീക്ഷ കഴിഞ്ഞ്​ വെക്കേഷന്​ അടിച്ചുപൊളിക്കാമല്ലോ.

9. ശാരീരികാരോഗ്യം  
മീനച്ചൂടി​െൻറ ചുട്ടുപൊള്ളുന്ന കാലാവസ്‌ഥയിലാണ് പരീക്ഷകൾ. ചൂടി​െൻറ കാഠിന്യം ശാരീരിക അസ്വസ്​ഥതയിലേക്ക് നയിക്കാൻ ഇടവരുത്തും.

10. ശുഭാപ്തി വിശ്വാസം 
നമ്മുടെ അധ്വാനത്തി​െൻറയും ആത്മവിശ്വാസത്തി​െൻറയും കൂടെ ശുഭാപ്തി വിശ്വാസവും ഉണ്ടെങ്കിലേ മികച്ച വിജയം നിങ്ങളെ തേടിയെത്തൂ. മനസ്സിനെ ഉറപ്പിക്കാൻ പ്രാർഥനയും ഏകാഗ്രത വർധിപ്പിക്കാനുള്ള യോഗയുമെല്ലാം നിങ്ങളെ സഹായിക്കും.